2.03.2010

വ്യാകുലതകള്‍...

അതെ. വീണ്ടും ഞാന്‍ എഴുതാന്‍ ശ്രമിക്കുകയാണ്. മനസ്സില്‍ പലതുമുണ്ട്. എല്ലാം എഴുതണം എന്നുണ്ട് . എന്തോ എന്നെ ഇത് പിടിച്ചു വലിക്കുന്നു. എന്റെ ചുറ്റും ലോകം മുന്നോട്ടു ആഞ്ഞു പായുന്നുണ്ട്‌. എങ്ങോട്ടോ എന്ന് ബോധം ഇല്ലാത്തവരും ഉള്ളവരും. സിനിമയില്‍ നടിയുടെ ലോകം ഇടിയുമ്പോള്‍ ഉണ്ടാകുന്ന നിശ്ചലത. എന്നാല്‍ ഇവിടെ ഒരു ലോകവും ഇടിഞ്ഞിട്ടില്ല എന്ന് മാത്രം ടിഫ്ഫെരെന്‍സ്.

എല്ലാ ദിവസവും മെയിലും ട്വിട്ടെരും പതിവുപടി പോലെ ചെക്ക്‌ ചെയ്യും. എന്തിനു എന്നറിയാതെ. ആരും അങ്ങനെ കത്തുകള്‍ അയക്കില്ല എന്നറിയാമായിരുന്നിട്ടും. ട്വിട്ടെരില്‍ ആളുകള്‍ പിച്ചും പേയും പറയുന്നത് കാണുമ്പോള്‍ കൂടതല്‍ വിഷമം. അത് പോലെ എനിക്കും പലതും വിളിചോതാന്‍ മനസ്സ് കൊതിക്കും. എന്‍റെ അനര്‍തമായ വേവലാതികള്‍ എന്തിനാ ബാക്കിയുള്ളവരെ അറിയിച്ചു അവരുടെയും ദിവസം കെടുത്തുന്നെ എന്ന് കരുതി മൌനം പാലിക്കും. നിറയെ വേവലാതികള്‍ മാത്രം എന്ന് പറയാന്‍ ആവില്ല... ഇടയ്ക്കു ആരോടോ എന്തൊക്കെയോ സംസാരിച്ചിരിക്കാന്‍ തോന്നും.. പക്ഷെ പിന്നീട് ഞാന്‍ മുങ്ങുമ്പോള്‍ അവരുടെ അന്വേഷണം വരും. എന്നാല്‍ ചിലര്‍ തിരിഞ്ഞു പോലും നോക്കില്ല..

മിക്കപേര്‍ക്കും ഒന്നേ അറിയേണ്ടതുള്ളൂ. ഞാന്‍ എങ്ങനെ സമയം ചിലവഴിക്കുന്നു എന്ന്. ചില വ്യക്തികള്‍ ജോലിയെ പറ്റിയും 'കുഞ്ഞുങ്ങുളെ' പറ്റിയും ചോദിക്കും. എല്ലാം അനിഷ്ട ചോദ്യങ്ങള്‍. അടുത്ത് അറിയാവുന്നവര്‍ ഈ വക ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ല. കൂടതല്‍ അടുപ്പം ഇല്ലാതവരാകട്ടെ ചോദിയ്ക്കാന്‍ പാടില്ല താനും. എന്നിട്ടും ചോദ്യശരങ്ങള്‍ വീണ്ടും ഉണരുന്നു..

എന്നാല്‍ പിന്നെ എന്താണ് ഉചിതമായ സംസാരവിഷയം എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല... ആ സമയത്തെ അവസ്ഥയും ഭാവവും എന്നെ എന്ത് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നുവോ അത് എനിക്ക് ഉചിതമായി തോന്നുന്നു. അത്യാഗ്രഹം എന്ന് ഇതിനെ വിളിക്കാന്‍ ആകുമോ. അഹംഭാവം ആണ് കുട്ടിക്ക് എന്ന് കരുതുന്നവര്‍ ധാരാളം ഉണ്ടെന്നു ഉറപ്പ്.

മാറി നിന്ന് ഇങ്ങനെ ജീവിതവും ബന്ധങ്ങളും അവലോകനം ചെയ്യുമ്പോള്‍ ഏതോ ദൂര ദിശയിലേക്കു മനസ്സ് കുതിക്കുന്നു. നൈമിഷികമായ ജീവിതത്തില്‍ നമ്മള്‍ ഉണ്ടാക്കുന്ന കലപിലകള്‍. ഞൊടിയിടയില്‍ ചേരുകയും ചിന്നിചിതരുകയും ചെയുന്ന ബന്ധങ്ങള്‍. ചിലത് സുന്ദരവും അര്‍ത്ഥവത്തുമായത്. ചിലത് പേരിന്. പുഞ്ചിരി എന്ന നിര്‍മല ഭാവം മുഖം മൂടിയായി അണിഞ്ഞു വിശ്വാസം കൈക്കലക്കുന്നവര്‍. വഞ്ചിക്കപെടുന്നവര്‍. കൊല്ലുന്നവര്‍. പക വീട്ടുന്നവര്‍. പൊലിഞ്ഞു പോകുന്ന ജീവനുകള്‍. ജീവന്‍ വെടിയുന്നവര്‍. പിണക്കങ്ങള്‍. സങ്കടങ്ങള്‍. എന്നാല്‍ മറുഭാഗത്ത്‌ ഒരിക്കലും പിരിയാത്ത ആജീവനാന്ത സുഹൃത്ത് ബന്ധങ്ങള്‍. കൂട്ടുകാര്‍. പ്രണയിക്കുന്നവര്‍. അച്ഛനമ്മമാര്‍. സഹോദരങ്ങള്‍. ബന്ധുക്കള്‍. മിന്നി മറയുന്ന നിമിഷത്തിലെപ്പോഴോ അപരിചിതരുമായി കണ്ണുകള്‍ നന്ദി ചൊല്ലിയ ഒരു നിമിഷനേരം. പാവന ബന്ധങ്ങള്‍. സുന്ദര സ്മൃതികള്‍. അനിര്‍വചനീയമായ മുഹുര്‍ത്തങ്ങള്‍...

ഇതിനിടയില്‍ ആണ് മനുഷ്യന്‍ പലതും ആഗ്രഹിക്കുന്നത്. തന്റെ സ്വപ്‌നങ്ങള്‍ സഫലീകരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. പലപ്പോഴും ചിന്തിച്ചു പോകുന്ന പ്രധാന ചോദ്യമാണിത്. എന്തിനു ജീവിക്കുന്നു എന്നുളത്‌. പലര്‍ക്കും പല ഉത്തരമാണ്. തന്റെ ആത്മാവിനെ അല്ലെങ്ങില്‍ മനസ്സിനെ ( അങ്ങനെ ഒന്നുന്ന്ടോ? ) ആശ്വസിപ്പിക്കുന്ന ഉത്തരങ്ങള്‍. ഇതിനെയാകാമോ ജീവിത ലക്‌ഷ്യം എന്ന് വിളിക്കുന്നത്‌. ആവാം അല്ലെ...

ഈ ജീവിത സ്വപ്‌നങ്ങള്‍ എങ്ങനെ എപ്പോള്‍ ഉടലെടുക്കുന്നുവോ ആവൊ. സാഹചര്യങ്ങള്‍ ആണ് ഇതിനു ഉത്തരവാദിയെങ്ങില്‍ സാഹചര്യങ്ങള്‍ മാറുന്നുമുന്ടെല്ലോ. അപ്പോള്‍ അതും കാലപ്രമാനതിനനുസരിച്ച് മാറില്ലേ... പണം, വീട്, കുടുംബം, സുഖസൌകര്യങ്ങള്‍, പേരും പെരുമയും, പ്രശസ്തി എന്നിവയാണോ നമ്മെ നയിക്കുന്നത്. ഇത്രയും നിരവധി ആളുകളെയും ബന്ധങ്ങളെയും മേല്പറഞ്ഞ കൂട്ട് കൊണ്ടുണ്ടാക്കിയ മാലയില്‍ കോര്ത്തിണക്കിയതാണോ ?

സങ്കീര്‍ണമായ ലോകത്തിന്റെ പൊരുളും ജീവിതാര്ത്ഥവും നൂല്പാതകളും മനസ്സിനെ വല്ലാതെ നിയന്ത്രിക്കുന്നു. ഞാന്‍ അറിയാതെ എന്നെ കലുഷിതമാക്കുന്നു.

No comments:

Post a Comment